(www.panoornews.in) നഗരസഭ പരിധിയിൽ മേപ്പയിലിൽ പട്ടാപ്പകൽ മോഷണം. മേപ്പയിൽ ശ്രീനാരായണ മന്ദിരം റോഡിലെ ഐപിഎം വോളി അക്കാദമിക്ക് സമീപത്തെ പ്രേംരാജിൻ്റെ ഭാസുരം വീട്ടിലാണ് മോഷണം നടന്നത്. വാതിൽ കുത്തിപ്പൊളിച്ച് അകത്തു കടന്ന മോഷ്‌ടാക്കൾ അലമാര തകർത്ത് അതിൽ സൂക്ഷിച്ച 5,000 രൂപ കൈക്കലാക്കി.


അലമാരയിൽ ഉള്ള സാധനങ്ങൾ വാരി വലിച്ചിട്ട നിലയിലായിരുന്നു. സ്വർണാഭരണം അടങ്ങിയ പഴ്സ‌് വസ്ത്രങ്ങൾക്കൊപ്പം നിലത്തു വീണത് മോഷ്‌ടാക്കൾ കണ്ടില്ല. ടിവി യ്ക്ക് മുകളിൽ കുറിക്ക് നൽകാനായി സൂക്ഷിച്ച 3,000 രൂപയും ശ്രദ്ധയിൽപ്പെട്ടില്ല. പ്രേംരാജിൻ്റെ ഭാര്യയും ഭാര്യയുടെ അമ്മയും പുറത്തു പോയിരുന്നു.
ഉച്ചയ്ക്ക് 2.45 ഓടെ തിരിച്ച് എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. ഗേറ്റിൻ്റെ പുട്ടും തകർത്ത നിലയിലായിരുന്നു. ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് ആണ് ഗേറ്റിന്റെയും വീടിൻ്റെ വാതിലിന്റെയും പൂട്ടുകൾ തകർത്തത് .ഒന്നിൽ കൂടുതൽ പേർ ഉള്ളതായി സംശയിക്കുന്നു . വീട് മുഴുവൻ വാരി വലിച്ചിട്ട നിലയിലായിരുന്നു.
ഫ്രിഡ്‌ജിൽ നിന്നു വെള്ളം കുടിച്ചിട്ടുണ്ട്. മദ്യത്തിന്റെ മണം തങ്ങി നിന്നിരുന്നതായി വീട്ടുകാർ പറഞ്ഞു ഉച്ചയ്ക്ക് രണ്ടി ന് അയൽവാസിയായ സ്ത്രീ വീടിന് മുന്നിലൂടെ അങ്കണവാടിയിലേക്ക് പോയിരുന്നു. അപ്പോൾ വീട്ടിൽ ആരെയും കണ്ടിരുന്നില്ല. മോഷണം നടന്നത് രണ്ടിനും 2 . 25 നും ഇടയിലാണ്.
വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്‌ഥലത്ത് എത്തി പരിശോധന നടത്തി. സംശയകരമായി ചിലരെ വീടിന് സമീപം കണ്ടതായി പറയുന്നുണ്ട്. മീൻ പിടിക്കാൻ എന്ന വ്യാജേന മൂന്ന് പേർ വീടിന് സമീപം എത്തിയതായും സംശയം തോന്നി വീട്ടമ്മ വിവരം അറിയിക്കാൻ ശ്രമിക്കേ സ്‌കൂട്ടറിൽ കടന്നു കളഞ്ഞതായും പറയുന്നു. സ്‌കൂട്ടറിൻ്റെ നമ്പർ നോട്ട് ചെയ്‌തിരുന്നു പരിശോധിച്ചപ്പോൾ അത് ബൈക്കിന്റെ നമ്പറാണ് എന്നാണ് മനസ്സിലായത്. പട്ടാപ്പകൽ നടന്ന മോഷണത്തിൽ ഭീതിയിലാണ് നാട്ടുകാർ.
Daylight robbery in Vadakara's Mepayil; House broken into and 5000 stolen, scooter with suspicious number plate found fake
